ഫ്രീ സോഫ്റ്റ്വെയര്‍ - വൈറസ് ഫ്രീ
തിരു: സെക്രട്ടറിയറ്റിലും ഖാദി ബോര്‍ഡിലും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു തുടങ്ങിയതോടെ 'വൈറസ്' പമ്പകടന്നു. വൈറസ് ശല്യംമൂലം സിസ്റ്റം ഒരിക്കല്‍ പോലും ഫോര്‍മാറ്റ് ചെയ്യേണ്ടിവരുന്നില്ല.
ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസടക്കം പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതു കൊണ്ട് ഉണ്ടായ ലാഭം 10 ലക്ഷം രൂപയാണ്. 90 കമ്പ്യൂട്ടറാണ് ഇവിടെയുള്ളത്. കെല്‍ട്രോണാണ് കമ്പ്യൂട്ടര്‍ സ്ഥാപിച്ചത്. അതേസമയം മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ആണ് ഉപയോഗിച്ചതെങ്കില്‍ കമ്പ്യൂട്ടര്‍ ഒന്നിന് 6,500 രൂപ വീതം ചെലവുവരുമായിരുന്നു. സെര്‍വറിന് വേറെയും. എല്ലാ സോഫ്റ്റ്വെയറും സൌജന്യമാണെന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സവിശേഷത. ആര്‍ക്കും ഇന്റര്‍നെറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. മൈക്രോസോഫ്റ്റിന്റെ റെയ്ഡ് ഉണ്ടാകുമെന്ന ഭീഷണിയും വേണ്ട.
ഖാദിബോര്‍ഡില്‍ ഉപയോഗിക്കുന്നത് 'ഫെഡോറ' എന്ന ഫ്രീസോഫ്റ്റ്വെയറാണ്. അധികം കമാന്‍ഡൊന്നും കൊടുക്കേണ്ടി വരുന്നില്ല. കൈകാര്യം ചെയ്യാന്‍ ചെറിയ പരിശീലനം മാത്രം മതി. ഉപയോഗിക്കുന്നയാളുടെ വിവരശേഖരം ഭദ്രവും. എട്ടു മാസത്തിനിടെ ഒരു സിസ്റ്റം പോലും വീണ്ടും ഫോര്‍മാറ്റ് ചെയ്യേണ്ടിവന്നില്ലെന്നതാണ് പ്രധാന നേട്ടം. ഓണ്‍ലൈനില്‍ എല്ലാ ജോലിയും ചെയ്തിട്ടും വൈറസ് കടന്നിട്ടില്ല. സെക്രട്ടറിയറ്റില്‍ ഫ്രീസോഫ്റ്റ്വെയര്‍ ഉപയോഗിക്കുംമുമ്പ് മിക്കവാറും കമ്പ്യൂട്ടറുകള്‍ തകരാറിലായിരുന്നു.
ഫോട്ടോഷോപ്പിനു പകരം 'ജിംപ്' എന്ന സോഫ്റ്റ്വെയറും എക്സലിനു പകരം 'സ്പ്രഡ്ഷീറ്റു'മൊക്കെയാണ് ഫ്രീ സോഫ്റ്റ്വെയറില്‍ ഉപയോഗിക്കുന്നത്. ഉപയോഗിച്ച് ശീലമായതില്‍നിന്നു മാറാന്‍ മടിച്ചാണ് പലരും ഫ്രീസോഫ്റ്റ്വെയറിനെ എതിര്‍ക്കുന്നത്. എന്നാല്‍, ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നാണ് സെക്രട്ടറിയറ്റിന്റെ അനുഭവം. ഇംഗ്ളീഷ് അറിയാത്തവര്‍ക്കും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മലയാളത്തില്‍ 'തുറക്കുക, അടയ്ക്കുക' എന്നൊക്കെയുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
കടപ്പാട്- ദേശാഭിമാനി 23-02-08

സ്വാതന്ത്ര്യത്തിന്റെ ശരിയായ മാധുര്യം ഇനിയും അനുഭവിയ്ക്കാനിരിയ്ക്കുന്നതേയുള്ളു..
സാങ്കേതിക വിദ്യയുടെ കുറവുകൊണ്ട് സ്വാതന്ത്ര്യം ഉപേക്ഷിച്ചവര്‍ക്ക് സന്തോഷിയ്ക്കാവുന്ന കാലമായിരിയ്ക്കുന്നു..ഒട്ടുമിയ്ക്ക മേഖലകളിലും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഇന്ന് ഒരു പടി മുന്നിലാണ്.
മാറ്റത്തേ അഭിമുഖീകരിയ്ക്കാന്‍ വിസ്സമതിയ്ക്കുന്ന സാമൂഹിക ജഡത മാത്രമാണ് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ഉപയോഗിയ്ക്കാത്തതിന്റെ പ്രധാന കാരണം.. കേരളത്തിലേതു പോലെ സര്‍ക്കാരുകളും പൊതു സ്ഥാപനങ്ങളും മാറ്റത്തിന് മുന്‍കൈ എടുക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ വേഗം പുരോഗമിയ്ക്കും...